11:26am 11 November 2026
NEWS
സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി അന്തരിച്ചു
23/09/2025  03:08 PM IST
nila
സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി അന്തരിച്ചു

സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ് അന്തരിച്ചു. 82 വയസ്സായിരുന്നു.  സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ്. ഇന്ന് അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാൻഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ശൈഖ് അൽ ശൈഖിന് വേണ്ടി പ്രാർഥന നിർവഹിക്കാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടു.

ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖിനും ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനും ശേഷമാണ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ് സൗദി അറേബ്യയുടെ ​ഗ്രാൻഡ് മുഫ്തിയാകുന്നത്. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ ചെയർമാൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറൽ പ്രസിഡൻസിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

1943 നവംബർ 30-ന് മക്കയിലാണ് ജനിച്ചത്. 1999-ലാണ് ഗ്രാൻഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളിൽ ഫത്വകൾ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img